പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ ബിജെപി വക്താവ് ടെലിവിഷൻ ചാനലിൽ പരസ്യമായി വധ ഭീഷണി മുഴക്കിയതിനെ ശക്തമായി അപലപിച്ച് രമേശ് ചെന്നിത്തല. ഇയാൾക്കെതിരെ അടിയന്തരമായി കേസെടുക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിൽ നടന്ന ആഗോള അയ്യപ്പ സംഗമം സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഔദ്യോഗിക തുടക്കം കുറിച്ചിരിക്കുകയാണ്. പരസ്യമായി ടെലിവിഷൻ ചാനലിൽ വന്ന് ഇന്ത്യയിലെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി മുഴക്കിയിട്ടുപോലും ബിജെപി വക്താവിനെ തിരെ പിണറായി പോലീസ് കേസ് എടുക്കാത്തതിനെ പിന്നിൽ ഈ അവിശുദ്ധ കൂട്ടുകെട്ടാണ്.
ജനാധിപത്യത്തിൻറെ ആട്ടിമറിക്കെതിരെ ഇന്ത്യയുടെ തെരുവുകളിൽ സമരം കുറിച്ച രാഹുൽഗാന്ധിയുടെ അന്ത്യം ആഗ്രഹിക്കുന്നവരാണ് ബിജെപിക്കാർ. ഇമ്മാതിരിയുള്ള വിരട്ടലുകൾ കൊണ്ട് അദ്ദേഹത്തെ നിശബ്ദരാക്കാം എന്ന് ഏതെങ്കിലും ബിജെപിക്കാരൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് വെറും മൗഢ്യമാണ്. ബിജെപി കാരൻറെ ഇത്തരം ആഗ്രഹങ്ങളെ പ്രോത്സാഹിപ്പിച്ച് അവരെ സന്തോഷിപ്പിക്കാം എന്ന് സിപിഎമ്മും കരുതരുത്.
രാഹുൽ ഗാന്ധിയുടെ സമരം വർഗീയതയ്ക്കും ഫാസിസത്തിനും ജനാധിപത്യത്തിന്റെ അട്ടിമറിക്കും എതിരെയാണ്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആധാരശിലകളിൽ നിന്നാണ് അദ്ദേഹത്തിൻറെ നിലപാട് കെട്ടിപ്പൊക്കിയിരിക്കുന്നത്. ആ നിലപാടിന് ഇന്ത്യൻ ജനാധിപത്യത്തോളം തന്നെ ദാർഢ്യവും ശക്തിയുമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് മറിക്കാൻ വേണ്ടി ബിജെപിയെയും ഭൂരിപക്ഷ വർഗീയതയേയും പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ച സിപിഎം ഇതിന് വലിയ വില കൊടുക്കേണ്ടിവരും.
കേരളത്തിൻറെ മതേതരത്വത്തെ തകർത്തെറിയുന്നതിനാണ് ബിജെപി- സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ ശ്രമം. കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ ഇത് അനുവദിക്കില്ല. സിപിഎമ്മിന്റെ യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. പൂരം കലക്കിയും വോട്ട് മറിച്ചും തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിച്ചതിന് പ്രത്യുപകാരമായി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സഹായം പ്രതീക്ഷിച്ചാണ് സിപിഎം ഈ പ്രീണനയങ്ങളൊക്കെയും പുറത്തിറക്കുന്നത്.
ഇതിന് തക്കതായ മറുപടി കേരളത്തിലെ ജനങ്ങൾ നൽകും – രമേശ് ചെന്നിത്തല പറഞ്ഞു.